07:49am 24 June 2026
NEWS
അഫ്‌സിലയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
03/06/2026  01:08 PM IST
nila
അഫ്‌സിലയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഫ്‌സിലയെ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജാബിറിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും എതിരെ അഫ്‌സിലയുടെ ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി.

അഫ്‌സിലയെ ഭർത്താവും വീട്ടുകാരും ദീർഘനാളായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മുമ്പും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുടെയും പോലീസിന്റെയും ഇടപെടലിലൂടെ ഒത്തുതീർപ്പിലെത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.

എട്ടുവയസും ആറുവയസും 11 മാസം പ്രായവുമുള്ള മൂന്ന് മക്കളുടെ ഭാവി പരിഗണിച്ചാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബം ശ്രമിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. എന്നാൽ അഫ്‌സിലയുടെ മരണം ആത്മഹത്യയെന്നതിലുപരി ദുരൂഹമാണെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങളും ആവശ്യപ്പെട്ടു. വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് മൃതദേഹം കുപ്പാടിത്തറ നടമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.

പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ കുഞ്ഞാലിയുടെയും നബീസയുടെയും മകളാണ് അഫ്‌സില. മക്കൾ: അയ്‌സിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ്. സഹോദരങ്ങൾ: അനസ്, ഷക്കീൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img